Constitutional Power to People Kerala
Constitutional Power to People Kerala: അധികാരം ജനങ്ങളിലേക്കെത്തണം, ഭരണഘടന പ്രയോഗത്തിലാണ് ശക്തി – മന്ത്രി പി.രാജീവ് | Kalamassery Vartha
എറണാകുളം: ഭരണഘടനയുടെ യഥാർത്ഥ ശക്തി അതിന്റെ കൃത്യവും സുതാര്യവുമായ പ്രയോഗത്തിലാണ് നിലനിൽക്കുന്നതെന്നും അധികാരം വ്യക്തികളിലല്ല, ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. Constitutional Power to People Kerala
കാക്കനാട് പരേഡ് ഗ്രൗണ്ടിൽ നടന്ന എറണാകുളം ജില്ലാ തല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
ഭരണഘടന ജനജീവിതത്തിൽ നടപ്പാക്കപ്പെടുമ്പോഴാണ് അതിന്റെ ഓരോ ആർട്ടിക്കിളിനും യഥാർത്ഥ അർത്ഥം ഉണ്ടാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയായിട്ടും അത് പ്രയോഗിക്കുന്നവർ പരാജയപ്പെട്ടാൽ ഭരണഘടനയും പരാജയപ്പെടുമെന്ന് ഡോ. ബി.ആർ. അംബേദ്കർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി ഓർമിപ്പിച്ചു.
റിപ്പബ്ലിക് ദിനം ഗതകാലത്തിലെ അനുഭവങ്ങളെ വിലയിരുത്തിയും ഭാവിക്കായി ഊർജം സംഭരിച്ചും മുന്നോട്ട് പോകേണ്ട ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന പുസ്‌തകങ്ങളിലൊതുങ്ങാതെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഭരണഘടനാ അസംബ്ലി കാലത്ത് ഗാന്ധിജി ജവഹർലാൽ നെഹ്‌റുവിന് നൽകിയ ഉപദേശം മന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു.
“നിങ്ങൾ എടുക്കുന്ന ഓരോ തീരുമാനവും ഏറ്റവും ദരിദ്രനായ മനുഷ്യന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കണം” എന്ന ഗാന്ധിജിയുടെ വാക്കുകളാണ് കേരളത്തിന്റെ വികസന മാതൃകയ്ക്ക് അടിസ്ഥാനം.

അതിദാരിദ്ര്യം ഇല്ലാതാക്കിയ കേരളത്തിന്റെ നേട്ടങ്ങളും, എല്ലാവർക്കും ഭവനം ഉറപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയും ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
അധികാരം ജനങ്ങളിലേക്ക് കൈമാറുക എന്ന ആശയത്തിലാണ് കേരള നിയമസഭ പാസാക്കിയ സേവന അവകാശ നിയമം രൂപപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ ഉറപ്പാക്കാനും, സേവനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും സാധിക്കുന്ന വിധത്തിൽ ജനങ്ങളെ അധികാരപ്പെടുത്തുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
ജനങ്ങളുടെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കാനും കൂടുതൽ അധികാരങ്ങൾ ജനങ്ങളിലേക്ക് കൈമാറാനും എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി പി.രാജീവ് റിപ്പബ്ലിക് ദിന സന്ദേശത്തിൽ വ്യക്തമാക്കി.
ചടങ്ങിൽ രാജ്യസഭാംഗം ജെബി മേത്തർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ലാ കലക്ടർ ജി. പ്രിയങ്ക, ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് തുടങ്ങിയവർ പങ്കെടുത്തു.Constitutional Power to People Kerala
