ED Notice Sabu M Jacob
ED Notice Sabu M Jacob: ജനങ്ങളോട് മാപ്പ് പറയണം – മുഹമ്മദ് ഷിയാസ് | Kalamassery Vartha
കൊച്ചി: ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.ED Notice Sabu M Jacob
ഇ.ഡി കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്വന്റി 20 പാർട്ടിയെ എൻഡിഎ പാളയത്തിലേക്ക് കൊണ്ടുപോയതെന്ന് ഇതോടെ വ്യക്തമായതായി ഷിയാസ് ആരോപിച്ചു. ഇത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി 20 പാർട്ടിയിൽ ആത്മാഭിമാനം ഉള്ള പ്രവർത്തകർ ഇപ്പോഴും ഉണ്ടെങ്കിൽ അവർ പാർട്ടി വിട്ട് പുറത്തു വരണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയെ ബലികഴിക്കുന്ന നിലപാടാണ് സാബു എം. ജേക്കബ് സ്വീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ചാക്കിട്ട് പിടിത്തവും ഭരണ കൈയേറ്റവും നടത്തുന്ന ബിജെപി, കേരളത്തിലും അതേ തന്ത്രമാണ് പരീക്ഷിക്കുന്നതെന്ന് ഷിയാസ് ആരോപിച്ചു. ജയിലിൽ പോകുന്നത് ഒഴിവാക്കാനാണ് ട്വന്റി 20 പാർട്ടിയെ ബിജെപിക്ക് അടിയറവച്ചതെന്നും അദ്ദേഹം പറഞ്ഞു.
പി.ടി. തോമസിനെതിരെ സാബു എം. ജേക്കബ് ഉന്നയിക്കുന്ന ആരോപണങ്ങൾ കേരളത്തിലെ ജനങ്ങൾ പൂർണമായും തള്ളിക്കളയുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു. ഇ.ഡി നോട്ടിസ് ലഭിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാനാണെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും അദ്ദേഹം പരിഹസിച്ചു.
സ്വന്തം നിയമപ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു രാഷ്ട്രീയ പാർട്ടിയെ ബിജെപിയുടെ തൊഴുത്തിൽ കെട്ടിയ സാബു എം. ജേക്കബ് പാർട്ടി പിരിച്ചുവിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
