Kalamassery Sofa Company Fire Accident
Kalamassery Sofa Company Fire Accident | കളമശേരി HMT കോളനിയിലെ സോഫാ യൂണിറ്റിൽ തീപിടുത്തം – Kalamassery Vartha
കളമശേരി: കളമശേരി എച്ച്എംടി കോളനിയിൽ പ്രവർത്തിച്ചിരുന്ന ഒരു സോഫാ നിർമ്മാണ യൂണിറ്റിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. അപകടം ഉടൻ തിരിച്ചറിഞ്ഞതോടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുമൂലം ആളപായം ഉണ്ടായില്ല.Kalamassery Sofa Company Fire Accident
വർഷങ്ങളായി HMT കോളനിയിൽ താമസിച്ചുവരുന്ന മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സോഫാ നിർമ്മാണ യൂണിറ്റാണ് തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചത്. യൂണിറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന സോഫകളും മറ്റ് അസംസ്കൃത വസ്തുക്കളും പൂർണമായി നശിച്ചു.

തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശം മുഴുവൻ കനത്ത പുകയും രൂക്ഷമായ ഗന്ധവും നിറഞ്ഞ അവസ്ഥയിലായിരുന്നു. സമീപവാസികൾ ഭീതിയിലായി.
വിവരം ലഭിച്ചതിനെ തുടർന്ന് ഏലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകളും, ഗാന്ധിനഗർ, ഗെയിൽ, ആലുവ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകളും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്.

തീപിടുത്തത്തിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
