Perumbavoor MCF Waste Crisis
Perumbavoor MCF Waste Crisis: മാലിന്യം കുന്നുകൂടുന്നു; നടപടി വൈകിച്ച് പെരുമ്പാവൂർ നഗരസഭ | Kalamassery Vartha
പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ നിയന്ത്രണത്തിലുള്ള മെറ്റീരിയൽ കലക്ഷൻ സെന്ററിൽ (MCF) മാസങ്ങളായി മാലിന്യം നീക്കം ചെയ്യാതെ കുന്നുകൂടുന്നതായി ശക്തമായ പരാതി. നഗരസഭ ലൈബ്രറിയുടെ എതിർവശത്തായി പ്രവർത്തിക്കുന്ന എംസിഎഫിൽ ഏകദേശം 10 സെന്റ് സ്ഥലമൊട്ടാകെ ഉപയോഗശൂന്യമായ മാലിന്യം നിറഞ്ഞുകിടക്കുകയാണ്.Perumbavoor MCF Waste Crisis
മൂന്നുമാസത്തിലധികമായി ശേഖരിച്ച മാലിന്യമാണ് ഇവിടെ അടിഞ്ഞുകൂടിയിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം ചവിട്ടി അമർത്തി സൂക്ഷിക്കുന്നതിനാൽ എംസിഎഫ് കെട്ടിടത്തിന്റെ മതിലുകളിൽ വിള്ളലുകൾ രൂപപ്പെട്ടതായും ആശങ്ക ഉയരുന്നുണ്ട്.
ലൈബ്രറി റോഡിലും സമീപ കാനയിലും മാലിന്യം തള്ളപ്പെട്ട നിലയിലാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, തുണി, മറ്റ് അജൈവ മാലിന്യങ്ങൾ എന്നിവയാണ് പ്രധാനമായും കെട്ടിക്കിടക്കുന്നത്. ഇതോടെ പ്രദേശത്ത് ദുർഗന്ധവും ആരോഗ്യ ഭീഷണിയും രൂക്ഷമായിരിക്കുകയാണ്.

കണ്ണൂർ ആസ്ഥാനമായ തിരുവോണം എന്റർപ്രൈസസ് എന്ന സ്ഥാപനമാണ് എംസിഎഫിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യാനുള്ള കരാർ എടുത്തിരിക്കുന്നത്. എന്നാൽ, നഗരസഭയിൽ നിന്ന് എട്ടുലക്ഷം രൂപയിലധികം കുടിശ്ശിക ലഭിക്കാനുണ്ടെന്നും, ബാധ്യത തീർക്കാതെ മാലിന്യം ഏറ്റെടുക്കാൻ കഴിയില്ലെന്നുമാണ് കരാറുകാരുടെ നിലപാട്.
തരംതിരിച്ച് സൂക്ഷിച്ച മാലിന്യം പോലും കയറ്റി കൊണ്ടുപോകാത്തതിനാൽ പുറമെനിന്നുള്ളവർ ഭക്ഷ്യ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ തള്ളുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ എംസിഎഫ് പരിസരം പൂർണമായും അശുചിതാവസ്ഥയിലായതായി നാട്ടുകാർ ആരോപിക്കുന്നു.

എംസിഎഫിന് സമീപം കുഴിപ്പിള്ളിക്കാവ്, മുനിസിപ്പൽ ലൈബ്രറി, ഹോമിയോ ആശുപത്രി, ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും സ്ഥിതിഗതികളെ ഗുരുതരമാക്കുന്നു.
ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും വഴിയൊരുക്കുന്ന ഈ സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഉടൻ ഇടപെടണമെന്നും, മാലിന്യ നീക്കം വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
