Varapuzha Vehicle Theft Arrest
Varapuzha Vehicle Theft Arrest | വരാപ്പുഴയിൽ വാഹന മോഷണം: യുവാക്കൾ പിടിയിൽ | Kalamassery Vartha
വരാപ്പുഴയിൽ നടന്ന വാഹന മോഷണ കേസിൽ മൂന്ന് യുവാക്കളെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ പോർച്ചിൽ നിന്നും മോഷണം പോയ ഹിമാലയ മോട്ടോർ സൈക്കിളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.Varapuzha Vehicle Theft Arrest
കാസർഗോഡ് പുത്തൂർ ഇഷാം മൻസിലിൽ മുഹമ്മദ് ഇഷാം (ഷമീഹ് – 22), തൃശൂർ ചാവക്കാട് മണത്തല താമസിക്കുന്ന അമൽ (24), ചേർത്തല ത്രിച്ചാട്ടുകുളം കൊല്ലപറമ്പിൽ വീട്ടിൽ അൻസിൽ (23) എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബർ 9-നു രാത്രി വരാപ്പുഴ ചേരപ്പാടം ഭാഗത്തുള്ള സുഫിലിന്റെ വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ഹിമാലയ മോട്ടോർ സൈക്കിളാണ് മോഷണം പോയത്. രാത്രിയിൽ വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതികൾ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞത്.
മോഷണം നടന്ന ഉടൻ വരാപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക വിവരങ്ങളും കേന്ദ്രീകരിച്ച അന്വേഷണത്തിനിടയിലാണ് മോഷണം പോയ ബൈക്ക് കാസർഗോഡ് ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടതായി കണ്ടെത്തിയത്.
അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് സംഘം വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനക്കൊടുവിലാണ് മൂവരെയും പിടികൂടിയത്. പ്രതികൾക്കെതിരെ മുമ്പും മയക്കുമരുന്ന് കേസുകളും മോഷണക്കേസുകളും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വരാപ്പുഴ ഇൻസ്പെക്ടർ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെറി, ബിജു, സുഭാഷ്, എ.എസ്.ഐമാരായ ലോഹിതാക്ഷൻ, ബിജു എന്നിവരും സീനിയർ സി.പി.ഒമാരായ രാഹുൽ, ജിതിൻ അശോക് എന്നിവരും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് വർധിച്ചു വരുന്ന വാഹന മോഷണങ്ങൾ തടയുന്നതിനായി പരിശോധനയും പട്രോളിംഗും ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി.
